ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

🏛️ മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കടുത്തുരുത്തി ബ്ലോക്കിൽ മുളക്കുളം, കടുത്തുരുത്തി എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് മുളക്കുളം ഗ്രാമപഞ്ചായത്ത്. ഏകദേശം 26.15 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് പിറവം മുന്‍സിപ്പാലിറ്റി, ഇലഞ്ഞി പഞ്ചായത്ത്, കിഴക്ക് ഇലഞ്ഞി, ഞീഴൂര്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് തലയോലപ്പറമ്പ്, വെള്ളൂര്‍ പഞ്ചായത്തുകള്‍, തെക്ക് ഞീഴൂര്‍, കടുത്തുരുത്തി പഞ്ചായത്തുകള്‍ എന്നിവയാണ്.

1953-ലാണ് മുളക്കുളം പഞ്ചായത്ത് “വില്ലേജ് പഞ്ചായത്ത്” എന്ന പേരില്‍ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അതിന് മുമ്പ് “വില്ലേജ് യൂണിയന്‍” എന്ന പേരില്‍ നോമിനേറ്റ് ചെയ്യപ്പെട്ട ഒരു ഭരണസംവിധാനവും നിലവിലുണ്ടായിരുന്നു.

മുളക്കുളം പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായി വര്‍ഗീസ് മാണി പുത്തൂരാന്‍ സേവനമനുഷ്ഠിച്ചു. അതിന് മുമ്പ് “പകുതി കമ്മിറ്റി” എന്ന മറ്റൊരു സംവിധാനവും പ്രവര്‍ത്തിച്ചിരുന്നു. ചിറ്റിലക്കാട്ടില്‍ കുഞ്ഞുവര്‍ക്കി (പ്രസിഡണ്ട്), വളപ്പില്‍ പരമുപിള്ള, തറേക്കൊട്ടാരം ശങ്കരപിള്ള തുടങ്ങിയവര്‍ അതില്‍ അംഗങ്ങളായിരുന്നു.

തെരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന ആദ്യ പഞ്ചായത്തിന്റെ പ്രസിഡണ്ടായി പി. എം. മാര്‍ക്കോസ് 1953-ല്‍ സ്ഥാനമേറ്റു. അന്നത്തെ തെരഞ്ഞെടുപ്പ് രീതിയില്‍, ഒരു വാര്‍ഡിലെ വോട്ടര്‍മാര്‍ ജനറല്‍ സീറ്റിനും സംവരണ സീറ്റിനുമായി രണ്ട് വോട്ടുകള്‍ രേഖപ്പെടുത്തേണ്ട രീതിയായിരുന്നു.

മുളക്കുളം പഞ്ചായത്തിന്റെ ഭാഗമായിരുന്ന പാലച്ചുവട്, നാമക്കുഴി, കളമ്പൂര്‍ പ്രദേശങ്ങള്‍ 1963-ല്‍ എറണാകുളം ജില്ലയോട് ചേര്‍ക്കുകയും പിന്നീട് പിറവം പഞ്ചായത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

മലകളും പുഴകളും സമതല പ്രദേശങ്ങളും കൊണ്ട് സമ്പന്നമായ കോട്ടയം ജില്ലയിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന ഭൂപ്രദേശമാണ് മുളക്കുളം പഞ്ചായത്ത്. മുളക്കുളം, തെക്കേക്കര, വടുകുന്നപുഴ, പെരുവ, കുന്നപ്പള്ളി, കാരിക്കോട്, കീഴൂര്‍, അറുനൂറ്റിമംഗലം, പൂഴിക്കോല്‍ എന്നീ കരകള്‍ പഞ്ചായത്തിന്റെ ഭാഗമായി ഉള്‍പ്പെടുന്നു.

🌿 ഭൂമിശാസ്ത്ര സവിശേഷത

കുന്നുകള്‍, പാടശേഖരങ്ങള്‍, ചെറുതോടുകള്‍, സമൃദ്ധമായ ജലസ്രോതസ്സുകള്‍ എന്നിവ കൊണ്ട് അനുഗ്രഹീതമായ പ്രകൃതി സൗന്ദര്യമുള്ള ഗ്രാമപഞ്ചായത്താണ് മുളക്കുളം ഗ്രാമപഞ്ചായത്ത്.